ഐക്യ മല അരയ മഹാസഭ - കോട്ടയം ശാഖ
സാമൂഹ്യ സേവനത്തിന്റെ ഉദാത്ത മാതൃക
മാന്യരെ,
മല അരയ സമുദായം അടക്കമുള്ള ഗോത്രവിഭാഗങ്ങളുടെ സര്‍വ്വതോമുഖമായ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുക എന്ന മഹത്തായ ലക്ഷ്യവുമായി സ്ഥാപിക്കപ്പെട്ടതാണ് ഐക്യ മല അരയ മഹാസഭ എന്ന സംഘടന.
കേരളത്തിലെ ഗോത്രജനതയുടെ അവസ്ഥ ഇന്ന് വളരെ ദയനീയമാണ്. അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ചൂഷണത്തിനുമെല്ലാം ഇരകളാകേണ്ടി വരുന്നത് ഈ ജനവിഭാഗമാണ്. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇന്നും കടന്നുവന്നിട്ടില്ലാത്ത ജനതയുടെ വിദ്യാഭ്യാസ-സാമൂഹിക-സാമ്പത്തിക ഉയര്‍ച്ചയ്ക്കുവേണ്ടിയുള്ള കര്‍മപദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്നു. ഒപ്പം ജനതയ്ക്ക് നേരെ ഉണ്ടാകുന്ന അക്രമങ്ങള്‍, പീഡനങ്ങള്‍, ചൂഷണങ്ങള്‍ എന്നിവയെല്ലാം സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും അവയ്ക്ക് ശാശ്വതമായ പരിഹാരം കാണുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് സംഘടന ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നത്.
മഹാസഭയുടെ കീഴില്‍ 36 ശാഖകള്‍ ഉണ്ട്. അതില്‍ 21 -)o നമ്പര്‍ ശാഖയാണ് ഐക്യ മല അരയ മഹാസഭ കോട്ടയം ശാഖ.
ദാരിദ്ര്യവും ദുരിതങ്ങളും മൂലം ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവരെ സഹായിക്കുകയും അസംഘടിതരും ദരിദ്രരുമായ ജനവിഭാഗങ്ങള്‍ക്കിടയില്‍ വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളില്‍ സേവനം നടത്തുകയും ചെയ്യുക എന്നതാണ് സംഘടനയുടെ പ്രധാന പ്രവര്‍ത്തന ലക്ഷ്യങ്ങള്‍. ഒപ്പം, ഭരണഘടനാ ദത്തമായ അവകാശങ്ങളെയും അധികാരങ്ങളെയുംകുറിച്ച് ഈ ജനതയെ ബോധവത്കരിക്കുകയും, സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന വിപത്തുകളായ മദ്യപാനം, മയക്കുമരുന്ന് ഉപയോഗം എന്നിവയെല്ലാം ഇല്ലാതാക്കി, ചിന്താശക്തിയും സാമൂഹിക പ്രതിബദ്ധതയുമുള്ള, രാഷ്ട്രനിര്‍മ്മാണ പ്രക്രിയയില്‍ പങ്കാളികളാവുന്ന ഒരു ശ്രേഷ്ഠജനതയെ വളര്‍ത്തിയെടുക്കുകയും ചെയ്യുക എന്നതും ശാഖയുടെ പ്രവര്‍ത്തനലക്ഷ്യങ്ങളാണ്. ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഹ്രസ്വമായി പ്രതിപാദിക്കട്ടെ : -
ഐക്യമല അരയ മഹാസഭ - കോട്ടയം ശാഖ ഭാവവാഹികള്‍ ( 2009 - 2010 )
എം.ബി. രാജന്‍ (പ്രസിഡന്റ്), രാഘവന്‍ വേണാട്ട് (വൈസ് പ്രസിഡന്റ്), സജി എം.കെ. (സെക്രട്ടറി), ഷൈലജ പി. (ജോയിന്റ് സെക്രട്ടറി), സി.കെ. പുഷ്പരാജന്‍ (ട്രഷറര്‍), കമ്മറ്റി അംഗങ്ങള്‍ എം.എസ്. വിശ്വംഭരന്‍, എം.കെ. ഗോപാലന്‍, കെ.സി. ശിവരാമന്‍, ഡോ. സവിദ, വത്സല പുരുഷോത്തമന്‍, ലീല വിജയപ്പന്‍. കൂടാതെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഉപദേശനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സംസ്ഥാനസെക്രട്ടറിയായ പി.കെ.സജീവും നേതൃത്വം നല്‍കുന്നു.
സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളുടെ പഠനച്ചെലവ് ശാഖ ഏറ്റെടുക്കുന്നു
പഠിക്കാന്‍ സമര്‍ത്ഥരും എന്നാല്‍ ദാരിദ്ര്യം കൊണ്ട് പഠനം മുടങ്ങുന്നവരുമായ വിദ്യാര്‍ത്ഥികളുടെ പഠനച്ചെലവ് ശാഖ ഏറ്റെടുക്കുന്നുണ്ട്. ഇതിനായി ശാഖയിലെ ഓരോ കുടുംബവും സ്‌പോണ്‍സര്‍മാരായി മാറിക്കൊണ്ടിരിക്കുകയാണ്.
2009-ലെ പ്രത്യേക മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി കോട്ടയം മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസിന് പ്രവേശനം ലഭിച്ച എറണാകുളം ജില്ലയിലെ മാമലക്കണ്ടം സ്വദേശിനിയും ഊരാളി സമുദായാംഗവുമായ കുമാരി സൂര്യാ രാഘവന്റെ എം.ബി.ബി.എസ്. പഠനച്ചെലവ് പൂര്‍ണ്ണമായും കോട്ടയം ശാഖ ഏറ്റെടുത്തു. ഇതിനുള്ള പണം ഡോ: സവിദയാണ് നല്‍കുന്നത്. ആദ്യഘട്ടമായി 5000/- രൂപ സൂര്യാ രാഘവന് നല്കി.
വയനാട്ടിലെ അമ്പലക്കുന്ന് ഗ്രാമത്തിലെ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളാണ് കണ്ണനും ഗോപാലനും. എന്നാല്‍ കൂലിപ്പണിക്ക് പോയാണ് ഇവര്‍ പഠനച്ചെലവിനുള്ള പണം കണ്ടെത്തുന്നത്. രണ്ട് പേരും ബി.എ. ഡിഗ്രിക്കാണ് പഠിക്കുന്നത്. ജീവിതത്തില്‍ വളരെയധികം ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അനുഭവിക്കുന്ന കണ്ണന്റെയും ഗോപാലന്റെയും പഠനച്ചെലവ് കോട്ടയം ശാഖ ഏറ്റെടുത്തു കഴിഞ്ഞു. ശ്രീ. എം. എന്‍. പുരുഷോത്തമന്‍ മുത്തനാനിയില്‍, ശ്രീമതി മിനിമോള്‍ ഗിരീഷ് എന്നിവര്‍ പഠനത്തിന് ആവശ്യമായ തുക സ്‌പോണ്‍സര്‍ ചെയ്യുന്നു.
അമ്പലക്കുന്ന് ഗ്രാമം ദത്തെടുത്തു
വയനാട്ടിലെ അമ്പലക്കുന്ന് ഗ്രാമം കോട്ടയം ശാഖ ദത്തെടുത്തു. പണിയ സമുദായത്തില്‍പ്പെട്ട ആദിവാസികളാണ് ഗ്രാമത്തില്‍ താമസിക്കുന്നത്. 110 കുടുംബങ്ങളിലായി 600-ഓളം ആദിവാസികളുണ്ട്. ഇവരുടെ അവസ്ഥ വളരെ ദയനീയമാണ്. കോളനിയിലെത്തി ഇവരുടെ ജീവിതരീതികള്‍ കണ്ടാല്‍ കരളലിഞ്ഞു പോകും. 3 സെന്റ് സ്ഥലം, ഒരു കൊച്ചു കുടില്‍, വൈദ്യുതിയില്ല, കുടിവെള്ളമില്ല, തൊഴിലില്ല, കുട്ടികള്‍ക്ക് ആഹാരമോ നല്ല വസ്ത്രമോ നല്‍കാന്‍ കഴിയുന്നില്ല. നിസഹായരും നിരാലംബരുമായ കുറെ മനുഷ്യകോലങ്ങള്‍. അടിമകളെപ്പോലെയുള്ള ജീവിതമാണ് ഇപ്പോഴും. പട്ടിണിയും ദാരിദ്രവും മൂലം മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്കുപോലും വിദ്യാഭ്യാസം നേടാന്‍ കഴിയുന്നില്ല. 2009 നവംബര്‍ 26 മുതല്‍ 29 വരെ കോട്ടയം ശാഖ വയനാട്ടിലേക്ക് നടത്തിയ പഠനയാത്രയിലാണ് അമ്പലക്കുന്ന് പണിയ ഗ്രാമം സന്ദര്‍ശിക്കാനിടയായത്. അന്ന് ശാഖ ഗ്രാമത്തിലെ എല്ലാവര്‍ക്കും വസ്ത്രങ്ങള്‍ വിതരണം ചെയ്തു. അവരുടെ കഷ്ടപ്പാടുകളും ദുരിതങ്ങളും മനസ്സിലാക്കിയ ഞങ്ങള്‍ പിന്നീട് ഈ ഗ്രാമത്തെ ദത്തെടുത്തു.
ഗ്രാമത്തിന് ടെലിവിഷന്‍ സമര്‍പ്പിച്ചു
അമ്പലക്കുന്ന് ഗ്രാമം ദത്തെടുത്ത ശാഖ 2010 ജനുവരി 26-ന് പ്രവര്‍ത്തനങ്ങള്‍ തുടക്കം കുറിച്ചു. റിപ്പബ്ലിക് ദിനത്തില്‍ അമ്പലക്കുന്ന് ഗ്രാമവാസികള്‍ക്ക് ശാഖ ഒരു ടെലിവിഷന്‍ സമ്മാനിച്ചു. കോട്ടയം ശാഖയിലെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് സ്വരൂപിച്ച പതിനായിരം രൂപകൊണ്ടാണ് ടെലിവിഷന്‍ വാങ്ങിയത്. ആദ്യമായിട്ടാണ് ഗ്രാമവാസികള്‍ക്ക് ഒരു ടെലിവിഷന്‍ ലഭ്യമാകുന്നത്. ലോകത്തും രാജ്യത്തും നടക്കുന്ന കാര്യങ്ങള്‍ കാണാനും കേള്‍ക്കാനും മനസ്സിലാക്കാനും ലക്ഷ്യമിട്ടാണ് ടെലിവിഷന്‍ നല്കിയത്.
മാതൃഭൂമി, ട്രൈബ് വോയ്‌സ് പത്രങ്ങള്‍ നല്കി
ഗ്രാമത്തിലെ ആര്‍ക്കും സ്വന്തമായി ഒരു ദിനപത്രം പോലും വരുത്താനുള്ള സാമ്പത്തികമില്ലെന്ന് മനസ്സിലാക്കിയ ശാഖ മാതൃഭൂമി ട്രൈബ് വോയ്‌സ് പത്രങ്ങള്‍ ഗ്രാമത്തിന് സ്‌പോണ്‍സര്‍ ചെയ്തു. അടുത്ത വര്‍ഷം (2011 ജനുവരി 26) അമ്പലക്കുന്ന് ഗ്രാമത്തിന് ശാഖ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്‍പ്പെടെ ഒരു കംപ്യൂട്ടര്‍ വാങ്ങി നല്കും. ഗ്രാമവാസികള്‍ക്ക് സ്വയംതൊഴില്‍ മേഖലയിലും പരിശീലനം നല്കും. പ്രധാനമായും തയ്യല്‍, കുടനിര്‍മ്മാണം, ടാപ്പിംഗ് എന്നീ മേഖലകളിലാണ് പരിശീലനം നല്കുന്നത്. വിദ്യാഭ്യാസ സാമൂഹ്യ സാമ്പത്തിക മേഖലകളില്‍ പിന്നോക്കം നില്ക്കുന്ന പണിയ വിഭാഗത്തിലെ ആദിവാസി കുടുംബങ്ങള്‍ക്ക് സഹായവും സമഗ്ര വികസനവും എത്തിച്ചു കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അമ്പലക്കുന്ന് ഗ്രാമം ശാഖ ദത്തെടുത്തിരിക്കുന്നത്.
പഠനയാത്രകള്‍ സംഘടിപ്പിക്കുന്നു
ഗോത്രജനതയുടെ ചരിത്രവും സംസ്‌കാരവും പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനും വേണ്ടി ശാഖ പഠനയാത്രകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി 2009 നവംബര്‍ 26 മുതല്‍ 29 വരെയും, 2010 ജനുവരി 25 മുതല്‍ 27 വരെയും ശാഖ വയനാട്ടിലേക്ക് പഠനയാത്ര നടത്തുകയുണ്ടായി. വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന പഠനയാത്ര കേരളത്തിനകത്തും പുറത്തുമായി വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും പഠിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആയിരിക്കും.
ആതുരശുശ്രൂഷാ രംഗത്ത്
വിവിധ പ്രദേശങ്ങളില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി എത്തുന്നവരെയും മറ്റു നിര്‍ധനരായ ആളുകളെയും ശാഖ സഹായിക്കുന്നുണ്ട്. ഭക്ഷണം, വസ്ത്രം, രക്തം എന്നിവ ലഭ്യമാക്കുന്നതോടൊപ്പം രോഗികളുടെ പരിചരണത്തിലും ശാഖ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ശാഖാ അംഗമായ ലീല വിജയപ്പന്റെ മകന്‍, ഷീജാ രാജന്റെ സഹോദരന്‍, സൂര്യ രാഘവന്റെ മുത്തശ്ശി, തുടങ്ങി വളരെയധികം ആളുകള്‍ക്ക് ശാഖയുടെ സേവനം ലഭ്യമായിട്ടുണ്ട്.
മെഡിക്കല്‍ ക്യാമ്പുകള്
ഇതിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ മാമലക്കണ്ടത്ത് കോട്ടയം ശാഖ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. കൊച്ചി-മധുര ദേശീയ പാതയില്‍ 6-ാം മൈലില്‍ നിന്നും മുക്കാല്‍ മണിക്കുറോളം ജീപ്പില്‍ വനത്തിലൂടെ സഞ്ചരിച്ചാലാണ് മാമലക്കണ്ടത്ത് എത്തുക. 50 കിലോമീറ്റര്‍ അകലെ കോതമംഗലത്തോ അടിമാലിയിലോ പോയാണ് ഇവിടെയുള്ളവര്‍ രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നത്. മുതുവാന്‍ സമുദായത്തില്‍പ്പെട്ട ആദിവാസികളാണ് ഇവിടെ അധിവസിക്കുന്നത്. വൈദ്യുതി എത്തിയിട്ടില്ല. കൂലിപ്പണി ചെയ്തും വനവിഭവങ്ങള്‍ ശേഖരിച്ചുമാണ് ആളുകള്‍ നിത്യവൃത്തി കഴിക്കുന്നത്. പണമോ സൗകര്യങ്ങളോ ഇല്ലാത്തതിനാല്‍ വളരെ ഗുരുതരമായ രോഗങ്ങള്‍ക്ക് മാത്രമേ ഇവര്‍ ആശുപത്രികളില്‍ പോവുകയുള്ളൂ. വണ്ടിക്കൂലി ഉള്‍പ്പെടെ ചികിത്സാ ചെലവുകള്‍ ഇവര്‍ക്ക് താങ്ങാന്‍ കഴിയാത്തതാണ് കാരണം. ചികിത്സയ്ക്കായി വായ്പ വാങ്ങിയ പണം തിരികെ കൊടുക്കാന്‍ കഴിയാതെ വന്നതിനാല്‍ പലരുടെയും കിടപ്പാടം പോലും പണയപ്പെടുത്തി നഷ്ടമായിരിക്കുകയാണ്.
ഗ്രാമത്തിലോ സമീപ പ്രദേശങ്ങളിലോ ആശുപത്രിയോ മറ്റ് ചികിത്സാസൗകര്യങ്ങളോ ലഭ്യമല്ലാത്ത ആദിവാസി മേഖലകളില്‍ ദരിദ്രജനതയ്ക്ക് സേവനം നല്കുക എന്ന ലക്ഷ്യത്തോടെയാണ് ശാഖ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.
2010 ഫെബ്രുവരി 26-ാം തീയതി മാമലക്കണ്ടം ഗവ. യു.പി. സ്‌കൂളില്‍വച്ച് നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ കുട്ടികളടക്കം ഇരുന്നൂറോളം പേര്‍ ചികിത്സ തേടി 5000/- ത്തോളം രൂപയുടെ മരുന്നുകള്‍ ക്യാമ്പില്‍ സൗജന്യമായി വിതരണം ചെയ്തു.
കോട്ടയം കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. സവിദ, കോട്ടയം ജില്ലാ ആശുപത്രി ഓര്‍ത്തോ വിഭാഗം ഡോ. ഹരിദാസ്, കോട്ടയം തിരുവാര്‍പ്പ് അസിസ്റ്റന്റ് സര്‍ജനും മെഡിക്കല്‍ ആഫീസറുമായ ഡോ. പ്രിയ എന്നീ വിദഗ്ധ ഡോക്ടര്‍മാരാണ് ക്യാമ്പില്‍ രോഗികളെ പരിശോധിച്ച് മരുന്നുകള്‍ നല്കിയത്.
ആരോഗ്യ പരിപാലനം, ശിശുസംരക്ഷണം, പോഷകാഹാരക്കുറവ്, പകര്‍ച്ചവ്യാധികള്‍, എന്നീ വിഷയങ്ങളെ സംബന്ധിച്ച ബോധവത്കരണം കൂടി ക്യാമ്പിനോടനുബന്ധിച്ച് ജനങ്ങള്‍ക്ക് നല്കുന്നു.
കല്ലാള രാമനെ ആദരിച്ചു
പാരമ്പര്യ ആദിവാസി ചികിത്സയില്‍ പ്രഗത്ഭയായ കല്ലാളരാമനെ മെഡിക്കല്‍ ക്യാമ്പിനോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ ആദരിച്ചു. “പാട്ടി” (മുത്തശ്ശി) എന്നാണ് ഇവരെ നാട്ടുകാര്‍ വിളിക്കുക. കല്ലുമാലയും, മുത്തുമാലയും കഴുത്തിലണിഞ്ഞ പാട്ടിക്ക് എവിടെയും സ്ഥാനമുണ്ട്. ഗ്രാമത്തിലെ മുതിര്‍ന്ന സ്ത്രീയാണ്. പ്രമേഹം, മഞ്ഞപ്പിത്തം തുടങ്ങി ക്യാന്‍സര്‍ വരെയുള്ള രോഗങ്ങള്‍ക്ക് ചികിത്സ അറിയാം. തനിച്ചു പോയാണ് പച്ചമരുന്നുകള്‍ വനത്തിനുള്ളില്‍ നിന്നും ശേഖരിക്കുന്നത്. 83 വയസ്സുള്ള പാട്ടി പൂര്‍ണ്ണആരോഗ്യവതിയാണ്. ഇതുവരെ ഒരു നടുവേദന പോലും വന്നിട്ടില്ല. ആദിവാസി ചികിത്സയിലും, സാമൂഹ്യരംഗത്തും അവര്‍ നടത്തുന്ന സേവനം കണക്കിലെടുത്ത് ശാഖ കല്ലാളരാമനെ പൊന്നാട അണിയിച്ച് പുതുവസ്ത്രങ്ങള്‍ നല്കി ആദരിച്ചു.
മഹത് വ്യക്തിത്വങ്ങളെ ആദരിക്കുന്നു
സമൂഹത്തില്‍ നിന്നും ഉയര്‍ന്നു വരുന്ന മഹത്‌വ്യക്തികളെ ശാഖ ആദരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി നാട്ടകം ഗവ. കോളേജിന്റെ പ്രിന്‍സിപ്പാള്‍ ആയി ചുമതലയേറ്റ പ്രൊഫ. എം.എസ്. വിശ്വംഭരന്‍ സാറിനെ ശാഖ സ്വീകരണം നല്കി ആദരിച്ചു. ഒപ്പം പുതുതായി ഗവ. സര്‍വ്വീസില്‍ പ്രവേശിക്കുന്നവരെയും, ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്‍ത്ഥികളെയും, സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികളെയും ശാഖ ആദരിക്കുന്നുണ്ട്.
ചരിത്ര സെമിനാറുകള്‍ സംഘടിപ്പിക്കുന്നു
ചരിത്രം ഉണ്ടായിട്ടും ചരിത്രത്തില്‍ ഇല്ലാതെ പോയ ഒരു വിഭാഗമാണ് ഗോത്രജനത. ഗോത്രജനതയുടെ ചരിത്രവും സംസ്‌കാരവും പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനും ചരിത്രാവബോധം ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കുന്നതിനും വേണ്ടിയാണ് ശാഖ ചരിത്ര സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്. പ്രശസ്ത നോവിലിസ്റ്റും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ നാരായന്‍ ശാഖ സംഘടിപ്പിച്ച ചരിത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
ഇത്തരത്തിലുള്ള വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളുമായിട്ടാണ് ശാഖ മുന്‍പോട്ട് പോകുന്നത്. വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന കുടുംബ സംഗമങ്ങളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് ശാഖ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സേവന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പണം സ്വരൂപിക്കുന്നത് ശാഖയിലെ കുടുംബാംഗങ്ങളില്‍ നിന്നും തന്നെയാണ്. ഇങ്ങിനെ സ്വരൂപിക്കുന്ന പണം കൊണ്ട് സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അതിന്റെ പ്രയോജനം സമൂഹത്തിലെ എല്ലാ വിഭാഗം ആളുകള്‍ക്കും ലഭിക്കുവാന്‍ ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഉദാഹരണമായി അമ്പലക്കുന്ന് കോളനിവാസികള്‍ക്ക് ടെലിവിഷന്‍ ലഭ്യമാക്കിയപ്പോള്‍ അതിന്റെ പ്രയോജനം ഗ്രാമവാ സികള്‍ക്ക് മാത്രമല്ല ഇതര വിഭാഗം ജനങ്ങള്‍ക്ക് കൂടി ലഭിക്കുന്നുണ്ട്. മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുമ്പോഴും അതിന്റെ പ്രയോജനം എല്ലാ വിഭാഗത്തിലും പെട്ട ആളു കള്‍ക്ക് ലഭിക്കുന്നു. മറ്റ് സമുദായങ്ങളില്‍ നിന്നുള്ള ആളുകള്‍ പോലും തങ്ങളുടെ വിലയേറിയ ആശയങ്ങളും സാമ്പത്തിക സഹായവും നല്കി പ്രോത്സാഹിപ്പിക്കുമ്പോള്‍ സാമൂഹ്യ സേവനത്തിന്റെ മേഖലയില്‍ ഉദാത്തമാതൃകയായി മാറുകയും ശ്രദ്ധിക്കപ്പെടു കയും അംഗീകരിക്കപ്പെടുകയും ചെയ്തു കഴിഞ്ഞിരിക്കുന്നു.
നിരവധി കാര്യങ്ങള്‍ ഇനിയും ഏറ്റെടുത്തു നടത്തണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ സാമ്പത്തിക പരിമിതി അതിന് തടസ്സമാണ്. നാം ഒരു കൈനീട്ടി മറ്റുള്ളവരെ സഹായിക്കുമ്പോള്‍ ദൈവം ഇരുകൈകളും നീട്ടി നമ്മെ സഹായിക്കുന്നു എന്ന വിശ്വാസമാണ് ഞങ്ങളെ മുന്‍പോട്ട് നയിക്കുന്നത്. ഞങ്ങള്‍ക്ക് വിദേശ ഫണ്ടുകളില്ല. സര്‍ക്കാര്‍ സഹായമില്ല. മനുഷ്യസ്‌നേഹത്തിന് വലിയ മൂല്യം നല്‍കുക, സമൂഹത്തിന്റെ പിന്നോക്കാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് പ്രത്യാശയുടെ കിരണങ്ങള്‍ പകര്‍ന്നു നല്കുക. എങ്കിലേ ജീവിതത്തിന് എന്തെങ്കിലു മൊരര്‍ത്ഥം ഉണ്ടാവുന്നുള്ളൂ. ഈ തിരിച്ചറിവോടെ എല്ലാവരുടെയും പിന്തുണയും സഹായവും പ്രതീക്ഷിച്ചുകൊണ്ട് ഞങ്ങള്‍ മുന്‍പോട്ട് പോകുന്നു...
സ്‌നേഹപുരസ്സരം,
എം.ബി. രാജന്‍ എം.കെ.സജി പി.കെ. സജീവ്
( പ്രസിഡന്റ് ) ( സെക്രട്ടറി ) ( സ്റ്റേറ്റ് സെക്രട്ടറി )










