എന്‍.എ.എഫ്: ഗോത്രജനതയുടെ സംഘശക്തി
പി.കെ. സജീവ്, ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി, എന്‍.എ.എഫ്
നിസ്സഹായരും നിരാലംബരുമായ ഗോത്രജനതയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും അവകാശസംരക്ഷണത്തിനും വിദ്യാഭ്യാസപരമായ മുന്നേറ്റങ്ങള്‍ക്കുംവേണ്ടി 2003ല്‍ രൂപീകരിച്ച നാഷണല്‍ ആദിവാസി ഫെഡറേഷന്‍ ഇന്ന് എട്ടുവര്‍ഷം പിന്നിട്ടുകഴിഞ്ഞു. ഗോത്രവര്‍ഗ സംഘടനകളുടെ പൊതുവേദിയായ ഫെഡറേഷന്‍ ഇന്ന് പ്രതീക്ഷയും ആവേശവുമായി മാറിയിരിക്കുന്നു. കേരളത്തിലെ വലുതും ചെറുതുമായ പതിനൊന്നു സംഘടനകള്‍ക്ക് ഇന്ന് ഫെഡറേഷനില്‍ അംഗത്വമുണ്ട്. തമിഴ്‌നാട്ടില്‍നിന്നും രണ്ടു സംഘടനകളും അംഗത്വം എടുത്തിട്ടുണ്ട്. ഇപ്പോള്‍ മറ്റു സംസ്ഥാനങ്ങളിലെ ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന ഗോത്രവര്‍ഗ സംഘടനകളുമായി ഒരുമിച്ചു നില്‍ക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
സംഘടനാപരമായ എല്ലാത്തരം സ്വാതന്ത്ര്യവും വ്യക്തിത്വവും നിലനിര്‍ത്തിക്കൊണ്ടുതന്നെ പൊതുവായ പ്രശ്‌നങ്ങളില്‍ ഒരുമിച്ചു നില്‍ക്കുക എന്ന സന്ദേശമാണ് ഫെഡറേഷന്‍ നല്‍കുന്നത്. ഒരേ സ്വഭാവത്തിലുള്ള നിരവധി സമുദായങ്ങള്‍ ചേര്‍ന്ന് നായര്‍ സര്‍വീസ് സൊസൈറ്റി രൂപീകൃതമായതുപോലെ കേരളത്തില്‍ ഫെഡറേഷന് അനന്തസാധ്യതകളാണുള്ളത്. ഗോത്രജനത കേരളത്തില്‍ അഞ്ചുലക്ഷത്തില്‍ താഴെ മാത്രമാണ് ജനസംഖ്യയെങ്കിലും പതിനഞ്ച് നിയമസഭാ മണ്ഡലങ്ങളിലും അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളിലും സമുദായം നിര്‍ണായക ശക്തിതന്നെയാണ്.
നിരവധിയായ സമരങ്ങളിലൂടെയാണ് സംസ്ഥാനത്തെ ഗോത്രജനത കടന്നുപോകുന്നത്. പലപ്പോഴും ഇത്തരം സമരങ്ങളെ അധികൃതര്‍ അവഗണിക്കുകയായിരുന്നു പതിവ്. അതിനു കാരണം ഒരു നിര്‍ണായകശക്തി അല്ലെന്നുള്ളതുതന്നെയായിരുന്നു. എന്നാല്‍, ഇന്ന് സ്ഥിതിയാകെ മാറിയിരിക്കുന്നു. ഫെഡറേഷന്‍ രൂപീകൃതമായതോടെ ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളിലൂടെയും ഇടപെടലുകളിലൂടെയും സമുദായത്തിലും പൊതുസമൂഹത്തിലും സംഘടനാപരമായ സ്വാധീനം കൈവരിച്ചുകഴിഞ്ഞു.
2002ലാണ് ഫെഡറേഷന്‍ രൂപീകരിക്കാന്‍ ഇടയാക്കിയ സാഹചര്യമുണ്ടായത്. അന്ന് പട്ടികവര്‍ഗ ലിസ്റ്റില്‍നിന്നും കാണിക്കാര്‍, കുറിച്യര്‍, മല അരയര്‍ തുടങ്ങിയ സമുദായങ്ങളെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി ആരംഭിച്ചു. ജനസംഖ്യയില്‍ ഒരുലക്ഷത്തിലധികം വരുന്ന പ്രസ്തുത സമുദായങ്ങള്‍ ഒരുമിച്ചു മുന്നോട്ടുവരികയായിരുന്നു. ശക്തമായ പ്രക്ഷോഭങ്ങളും രാഷ്ട്രീയ ഇടപെടലുകളും നടത്തിയാണ് സര്‍ക്കാര്‍ നടപടിയെ പ്രതിരോധിച്ചത്. ആദരണീയരായ ടി.കെ. കൃഷ്ണന്‍കുട്ടി, പി.കെ. ഭാസ്‌കരന്‍, ബാലന്‍ പൂതാടി, മോഹനന്‍ ത്രിവേണി തുടങ്ങിയവരാണ് സമരത്തിനു നേതൃത്വം നല്‍കിയത്.
നിരവധി സമരാനുഭവങ്ങളുടെ ഉടമകളും എല്ലാ ഗോത്രവര്‍ഗങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്ന നേതാക്കളുമായിരുന്നു ഇവരെന്ന സ്വീകാര്യത പ്രവര്‍ത്തനത്തിന് അനുകൂല ഘടകമായി മാറി.
ആരും ചോദിക്കാനും പറയാനും ഇല്ലാത്ത ഒരു സമുദായത്തിന് അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും നേടിയെടുക്കുന്നതിനുംവേണ്ടി 2003 ജൂലൈ മാസത്തില്‍ നാഷണല്‍ ആദിവാസി ഫെഡറേഷന്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. തുടര്‍ന്ന് നിരവധി പ്രശ്‌നങ്ങളില്‍ ഫെഡറേഷന്‍ ക്രിയാത്മകമായി ഇടപെടുകയും ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു.
കേന്ദ്ര നിയമ സഹമന്ത്രിയായിരുന്ന പി.സി. തോമസ്, 50 ലക്ഷത്തോളം വരുന്ന മത്സ്യത്തൊഴിലാളികളെ പട്ടികവര്‍ഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുവാന്‍ നീക്കമാരംഭിച്ചു. ഇതിനെതിരേ ഫെഡറേഷന്‍ സെക്രട്ടേറിയറ്റ്, കളക്ടറേറ്റുകള്‍, വിവിധ ജില്ലാ ആസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലേക്ക് മാര്‍ച്ചും പ്രതിഷേധ സമ്മേളനങ്ങളും സംഘടിപ്പിച്ചു. പ്രശ്‌നത്തില്‍ പ്രധാനമന്ത്രി ഇടപ്പെടുകയും, പി.സി. തോമസിനെ അദ്ദേഹത്തിന്റെ നിലപാടുകളില്‍നിന്ന് പിന്തിരിപ്പിക്കുകയും ചെയ്തു.
2006ല്‍ കേന്ദ്രസര്‍ക്കാര്‍ ഗോത്രവര്‍ഗ വിഭാഗത്തിന് ക്രീമിലെയര്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നീക്കം ആരംഭിച്ചു. കേന്ദ്ര ആദിവാസികാര്യ മന്ത്രാലയമാണ് ഇതിനുളള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിനെതിരേ ഫെഡറേഷന്‍ പതിനായിരത്തിലധികം പ്രവര്‍ത്തകരെ സംഘടിപ്പിച്ച് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. അതോടെ കേന്ദ്ര സര്‍ക്കാര്‍ പ്രസ്തുത നടപടി പിന്‍വലിക്കുകയായിരുന്നു.
2008ല്‍ നാഷണല്‍ ആദിവാസി ഫെഡറേഷന്റെ മുഖപത്രമായി 'ദി ട്രൈബ് വോയ്‌സ്' എന്ന പേരില്‍ പ്രതിമാസപത്രം ആരംഭിച്ചു. പട്ടികവര്‍ഗ മേഖലകളിലെ പ്രശ്‌നങ്ങളുടെ നേര്‍ക്കാഴ്ചകളുമായി പുറത്തിറങ്ങുന്ന പത്രം ഇപ്പോള്‍ ഈ വിഭാഗം ജനങ്ങളുടെ ആവേശമാണ്.
പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കുവേണ്ടി അനുവദിച്ചിരുന്ന 50 രൂപ പ്രോത്സാഹന ധനസഹായം 21 സമുദായങ്ങള്‍ക്ക് 2008ല്‍ പിന്‍വലിച്ചതില്‍ ഫെഡറേഷന്‍ ശക്തമായി പ്രതിഷേധിച്ചു. ഇതേത്തുടര്‍ന്ന് ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.
2008ല്‍ പട്ടികവര്‍ഗ ക്കാര്‍ക്കായി സപ്ലിമെന്ററി ലിസ്റ്റില്ലാതെയാണ് കേരള സര്‍വകലാശാലയില്‍ അസിസ്റ്റന്റ് നിയമനപട്ടിക പ്രസദ്ധീകരിച്ചത്. ഇതിനെതിരേ ഫെഡറേഷന്‍ ഗവര്‍ണര്‍, മുഖ്യമന്ത്രി, സര്‍വകലാശാല രജിസ്ട്രാര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന്പത്ത് പട്ടികവര്‍ഗ ക്കാര്‍ക്ക് നിയമനം ലഭിച്ചു.
2009ല്‍ ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്കിടയില്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നതിന് കേരളാ ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില) നടത്തിയ സാമ്പത്തികസര്‍വേയ്‌ക്കെതിരേ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. റാലികള്‍, സമ്മേളനങ്ങള്‍ മുതലായവ സംഘടിപ്പിക്കുകയും സര്‍വേ ബഹിഷ്‌കരിക്കുകയും ചെയ്തു.
ഇതേ വര്‍ഷം തന്നെ, സ്‌പെഷല്‍ റിക്രൂട്ട്‌മെന്റിലൂടെ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് കാര്യക്ഷമതയില്ലെന്നും, അതിനാല്‍ അവര്‍ക്ക് പ്രത്യേക പരിശീലനം അനിവാര്യമാണെന്നുമുളള സര്‍ക്കാര്‍ ഉത്തരവ് സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ഫെഡറേഷന്‍ വിലയിരുത്തുകയും ഇക്കാര്യത്തില്‍ സര്‍ക്കാരിനെ പ്രതിഷേധം അറിയിക്കുകയും ചെയ്തു.
ഗോത്രവിഭാഗങ്ങള്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങളും അവകാശനിഷേധങ്ങളും സംബന്ധിച്ച് 2010ല്‍ സംഘടന ഐതിഹാസികമായ സമരപരിപാടികളും പ്രതിഷേധവുമായാണ് മുന്നേറിയത്. പട്ടികവര്‍ഗലിസ്റ്റ് ഇല്ലാതാക്കണമെന്നും സാമ്പത്തിക അടിസ്ഥാനത്തില്‍ സംവരണം ഏര്‍പ്പെടുത്തണമെന്നും ഗോത്രവര്‍ഗ മേഖലകളില്‍ താമസിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ഗോത്രവര്‍ഗപദവി നല്‍കണമെന്നും നിര്‍ദേശിക്കുന്ന ജസ്റ്റിസ് രംഗനാഥ മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരേ ഫെഡറേഷന്‍ നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. വനാവകാശ നിയമം ഫലപ്രദമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഫെഡറേഷന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് കവാടത്തില്‍ ഏകദിന ഉപവാസം നടത്തി പ്രശ്‌നം അധികൃത ശ്രദ്ധയില്‍പ്പെടുത്തി.
സംഘടനാപ്രവര്‍ത്തനങ്ങള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ നാഷണല്‍ ആദിവാസി ഫെഡറേഷന്‍ നേരിട്ട് പ്രാദേശികതല യൂണിറ്റുകള്‍ ആരംഭിച്ച് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി.
ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും റിട്ടയര്‍ ചെയ്തവരേയും ഉള്‍പ്പെടുത്തി ട്രൈബല്‍ എംപ്ലോയീസ് ആന്റ് പെന്‍ഷനേഴ്‌സ് ഫോറം (ഠഋജഎ) എന്ന പേരില്‍ സംഘടന രൂപീകരിച്ചു.
മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് പട്ടികവര്‍ഗ സംവരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഫെഡറേഷന്‍ പ്രക്ഷോഭത്തിലാണ്. ഈ ആവശ്യമുന്നയിച്ച് ഫെഡറേഷന്‍ കേരള ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിയമപോരാട്ടങ്ങള്‍ നടത്തി. 2006 മുതല്‍ ആരംഭിച്ച മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തെ പ്രതിസന്ധിക്കു പരിഹാരം കാണാന്‍ നാളിതുവരെ സര്‍ക്കരിനായിട്ടില്ല. ഇതുവരെ 61 മെഡിക്കല്‍ സീറ്റുകളാണ് പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നത്. കോടതി ഉത്തരവുകള്‍ അനുകൂലമായിരുന്നിട്ടും സംവരണം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ കൂട്ടാക്കുന്നില്ല. ഇതേത്തു ടര്‍ന്ന് 2010 നവംബര്‍ 18-ന് സെക്രട്ടേറിയറ്റ് ഉപവാസവും, ഡിസംബര്‍ 21 മുതല്‍ 101 മണിക്കൂര്‍ സത്യഗ്രഹവും, ഡിസംബര്‍ 29-ന് നിയമസഭയിലേക്കും എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണര്‍ ഓഫീസിലേക്കും മാര്‍ച്ചും സംഘടിപ്പിച്ചു.
ഭൂരഹിത ആദിവാസികള്‍ക്ക് ഭൂമി നല്‍കുക, കൈവശഭൂമിക്ക് പട്ടയം നല്‍കുക, വനാവകാശ നിയമം ഫലപ്രദമായി നടപ്പിലാക്കുക, പട്ടികവര്‍ഗക്കാരുടെ പേരില്‍ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ച് സര്‍ക്കാര്‍ സര്‍വീസില്‍ കയറിക്കൂടിയവരെ ഉടന്‍ പിരിച്ചുവിട്ട് തത്സ്ഥാനങ്ങളിലേക്ക് സ്‌പെഷല്‍ റിക്രൂട്ട്‌മെന്റിലൂടെ നിയമനം നടത്തുക, വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കുക, ഗോത്രവര്‍ഗ മേഖലകളില്‍ നവോദയ സ്‌കൂളുകള്‍ ആരംഭിക്കുക, സമുദായത്തിനെതിരായ അതിക്രമങ്ങളെ ഫലപ്രദമായി നേരിടുക തുടങ്ങി നിരവധി പ്രശ്‌നങ്ങളില്‍ സംഘടന ശക്തമായ ഇടപെടലുകളാണ് നടത്തിവരുന്നത്.
സംഘടനാപ്രവര്‍ത്തനരംഗത്ത് വിശാലമായ കാഴ്ചപ്പാടുകളാണ് ഫെഡറേഷനുള്ളത്. നിരവധി സമുദായങ്ങളിലായി വിഭജിക്കപ്പെട്ടു കഴിയുന്ന ഗോത്രജനതയെ ഒരുമിപ്പിക്കുകയും സമുദായം നേരിടുന്ന പ്രശ്‌നങ്ങളില്‍ സംഘടിത സമരമുന്നേറ്റങ്ങളിലൂടെ പരിഹാരം കണ്ടെത്തുകയുമാണ് ലക്ഷ്യം. ഇതിലൂടെ വിദ്യാഭ്യാസ, സാംസ്‌കാരിക, സാമൂഹിക, ഉദ്യോഗരംഗങ്ങളില്‍ മുന്നേറുകയും അതിലൂടെ സമുദായത്തെ സമഗ്ര പുരോഗതിയിലേക്കും നയിക്കുകയുമാണ് ഫെഡറേഷന്‍ ആത്യന്തികമായി വിഭാവനം ചെയ്യുന്നത്.










