Facebook Twitter Orkut RSS Feeds Blog
for the upliftment of marginalised
+91 ( 0 ) 9447370468

Get to know the legendary Narayin A speacial section on his works, books and life.

നാരായന്‍ - ഗോത്രസാഹിത്യത്തിലെ ഇതിഹാസം


ഇടുക്കി ജില്ലയിലെ കുടയത്തൂരില്‍ ചാലപ്പുറത്തു വീട്ടില്‍ രാമന്‍-കൊച്ചൂട്ടി ദമ്പതികളുടെ മകനായി 1940 സെപ്റ്റംബര്‍ 26-ന് ജനനം. മല അരയ സമുദായാംഗം. നാരായന് മൂന്നു വയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു. ചെറുപ്പത്തിലേ തന്നെ പാഠപുസ്തകങ്ങള്‍ക്കപ്പുറത്തേക്കു വായന വളര്‍ന്നു. കുടയത്തൂര്‍ ഹൈസ്‌കൂളില്‍നിന്നു പത്താംക്ലാസ് ജയിച്ചു. 1963-ല്‍ തപാല്‍ വകുപ്പില്‍ ജോലി. പോസ്റ്റ്മാസ്റ്ററായി വിരമിച്ചു.

കടുത്ത വിശപ്പിനെ മറികടക്കാന്‍ അക്ഷരങ്ങള്‍ക്കു കഴിയുന്നതായി നാരായന്‍ അറിഞ്ഞു. നഗരത്തില്‍ ജോലിചെയ്യുമ്പോഴും മലമടക്കുകളിലെ തന്റെ ജനതയുടെ ജീവിതദൈന്യം നാരായന്റെ മനസ്സില്‍ തങ്ങിനിന്നു. ചരിത്രമുണ്ടായിട്ടും ചരിത്രത്തില്‍ അടയാളപ്പെടുത്താതെ പോയവരാണ് ഗോത്രജനത എന്ന തിരിച്ചറിവ് അദ്ദേഹത്തില്‍ രൂഢമൂലമായി. മറ്റുള്ളവരുടെ പല കൃതികളും ഗോത്രജനതയുടെ സംസ്‌കാരത്തെ അപകീര്‍ത്തിപ്പെടുത്തുന്നതായി അദ്ദേഹം മനസ്സിലാക്കി. എഴുത്തിനെതിരേ എഴുത്തുതന്നെ ആയുധമാക്കാന്‍ തീരുമാനിച്ച നാരായന്‍ ഇന്ത്യയില്‍ ആദ്യമായി ഗോത്രസാഹിത്യ ശാഖയ്ക്കു തുടക്കംകുറിച്ചു.

കേരളത്തിലെ ആദിവാസി സമൂഹമായ മല അരയന്മാരെക്കുറിച്ച് അതേ സമുദായത്തില്‍ പിറന്ന നാരായനെഴുതിയ ആദ്യനോവല്‍ 'കൊച്ചരേത്തി' 1998-ല്‍ ഡി.സി. ബുക്‌സ് പ്രസിദ്ധീകരിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, തോപ്പില്‍ രവി ഫൗണ്ടേഷന്‍ അവാര്‍ഡ് എന്നിവ ഈ നോവല്‍ കരസ്ഥമാക്കി. തുടര്‍ന്ന് 1999-ല്‍ 'ഊരാളിക്കുടി' (പ്രസാധകര്‍: എന്‍.ബി.എസ്), 2002-ല്‍ 'ചങ്ങാറും കൂട്ടാളും (പ്രസാധകര്‍: മാതൃഭൂമി), 2004-ല്‍ 'ഈ വഴിയില്‍ ആളേറെയില്ല' (പ്രസാധകര്‍: ബുക് മീഡിയ), 2006-ല്‍ 'വന്നല' (പ്രസാധകര്‍: ചിന്ത പബ്ലിക്കേഷന്‍സ്), 2007-ല്‍ 'ആരാണ് തോല്‍ക്കുന്നവര്‍' (പ്രസാധകര്‍: ഡി.സി. ബുക്‌സ്) എന്നീ നോവലുകളും പുറത്തിറങ്ങി. ഒപ്പം, 2006-ല്‍ 'പെലമറുത' (പ്രസാധകര്‍: ഡി.സി. ബുക്‌സ്), 2008-ല്‍ 'നിസ്സഹായന്റെ നിലവിളി' (പ്രസാധകര്‍: ചിന്താ പബ്ലിക്കേഷന്‍സ്), 2010-ല്‍ 'ക്രൈസ് ഇന്‍ ദ വൈല്‍ഡേര്‍നസ്' (ഇംഗ്ലീഷ് പരിഭാഷ, പ്രസാധകര്‍: കേരള സാഹിത്യ അക്കാദമി) എന്നീ കഥാസമാഹാരങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു. 2010-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി 'കൊച്ചരേത്തി' യുടെ ഹിന്ദി പതിപ്പ് 'പഹാഡിന്‍' എന്ന പേരില്‍ പുറത്തിറക്കി. ഇന്ത്യയിലെ വിവിധ ഭാഷകളിലേക്കും ഇംഗ്ലീഷിലേക്കും നാരായന്റെ രചനകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കൊച്ചിയില്‍ എളമക്കരയില്‍ താമസം.

ഭാര്യ : ലത. മക്കള്‍ : സിദ്ധാര്‍ത്ഥന്‍, സന്തോഷ്.


സാഹിത്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നാരായന്‍

1. കൊച്ചരേത്തി (നോവല്‍) - പ്രസാധകര്‍: ഡി.സി. ബുക്‌സ്, കോട്ടയം

ആദ്യരചന. സര്‍വ്വീസില്‍നിന്നു വിരമിക്കുന്നതിനു മുമ്പെഴുതിയത്. കുറേ വൈകിയശേഷം പ്രസിദ്ധീകരിക്കാന്‍ സാധിക്കുമോ എന്നാദ്യം ചോദിച്ചത് യശഃശരീരനായ ശ്രീ. ഡി.സി. കിഴക്കേമുറിയോടാണ്. സാധിച്ചു. 1998 ഏപ്രില്‍ മാസത്തില്‍ പുസ്തകമായി പുറത്തിറങ്ങി. നല്ല പ്രതികരണമായിരുന്നു. 1999-ലെ മികച്ച നോവലിനുള്ള മൂന്ന് പ്രശസ്തമായ അവാര്‍ഡുകള്‍ 'കൊച്ചരേത്തി' ക്കു കിട്ടി. 1. തോപ്പില്‍ രവി ഫൗണ്ടേഷന്‍ അവാര്‍ഡ് 2. അബുദാബി ശക്തി അവാര്‍ഡ് 3. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്.

നോവലുണ്ടാകാന്‍ കാരണം

ആദിവാസികളെപ്പറ്റി അവര്‍ക്കു ബന്ധമൊന്നുമില്ലാത്ത എത്രയോ രചനകള്‍. പുറത്തിറക്കുകയും വിറ്റഴിയുകയും, സിനിമകളും നാടകങ്ങളും സീരിയലുകളുമായി വീണ്ടും അവതരിപ്പിക്കുകയും. അതില്‍ പലതും വായിക്കാനും കാണാനുമിടയായപ്പോള്‍ തോന്നിയ അപമാനം. നിരാശ മനസില്‍ പുകഞ്ഞുനീറിയ പ്രതിഷേധം. ഏറെനാളത്തെ ചിന്തകള്‍ക്കു ശേഷമെടുത്ത തീരുമാനം. ഒരാദിവാസി സമൂഹത്തെയെങ്കിലും സത്യസന്ധമായി പ്രബല സമൂഹത്തിനും സഹൃദയര്‍ക്കും പരിചയപ്പെടുത്തണം. തെറ്റായ ധാരണകള്‍ കുറച്ചെങ്കിലും നീക്കണം. പക്ഷേ, എങ്ങനെ? എഴുത്തിനെ നേരിടേണ്ടത് വാളും തോക്കുമായിട്ടല്ല. എഴുത്തുകൊണ്ടു തന്നെയാണ്. എന്നാല്‍, ആദിവാസികള്‍ക്കുവേണ്ടി ആരുമതു ചെയ്യുന്നില്ല. എങ്ങനെയെന്നു വ്യക്തമല്ലാത്ത ആ ഉദ്യമത്തിന് സ്വയം സന്നദ്ധനായതാണ്. ആശയക്കുഴപ്പങ്ങള്‍, പ്രതിസന്ധികള്‍, നിരാശകള്‍... അലോസരപ്പെടുത്താത്തത് ഒന്നുമില്ല.

തീരുമാനം ഉറച്ചതുതന്നെയായിരുന്നു. അതിനുള്ള പ്രേരണ എന്റെ സമുദായത്തില്‍ മാത്രമല്ല മറ്റ് ആദിവാസി സമൂഹങ്ങളില്‍ പരതിയാലും ഒരെഴുത്തുകാരനെ കിട്ടുകില്ല. ആരെയാണ് ഞാന്‍ ലോകത്തിനു പരിചയപ്പെടുത്തേണ്ടത്. സത്യസന്ധമായി എനിക്കതു ചെയ്യുകയും വേണം. ഒടുവില്‍ എന്നെത്തന്നെ - എന്റെ സമുദായത്തെ, അവരുടെ തനിമയും പാരമ്പര്യവും മലിനമാക്കാതെ എനിക്കതു ചെയ്യാന്‍ സാധിക്കുമോ? സാധിക്കണം വലിയൊരു കടമ്പ പിന്നെയും. എഴുതാന്‍ സ്വീകരിക്കേണ്ടത് ഏതു രൂപമാണ്? നോവല്‍, കഥ, ലേഖനം, കവിത... ചെറിയൊരു വായനക്കാരനായ എനിക്കു തോന്നിയത്, കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ കഴിയുന്നതു നോവലാണ് (എന്റെ തോന്നലും വിശ്വാസവും).

എന്റെ നിരക്ഷരരായ പൂര്‍വ്വികരുടെ ആത്മാക്കള്‍ എന്നെ പ്രേരിപ്പിച്ചിരിക്കാം. ഉപദേശിച്ചിരിക്കാം. ആരെയെങ്കിലും അഥവാ എങ്ങനെയെങ്കിലും അനുകരിക്കുകയുമല്ല നീ ചെയ്യേണ്ടതെന്ന്. ഞാനുറച്ചു. ഈ രചന എന്റെ സ്വന്തമാണ്.

'കൊച്ചരേത്തി' യിലെ പരിസരം കൃത്യമായി അടയാളപ്പെടുത്തിയ ഒരിടമല്ല. കേരളത്തിലെ ഏതൊരു മലയോരവുമാകാം. എന്റെകൂടി ഗ്രാമമായ കുടയത്തൂരിനും ചാലപ്പുറത്തിനും സാമ്യമുണ്ടെങ്കില്‍ സ്വാഭാവികം. ഇട്ട്യാതി, കുഞ്ഞുമുണ്ടന്‍, കൊച്ചുരാമന്‍, കുഞ്ഞിപ്പെണ്ണ്, പാര്‍വ്വതി പത്മനാഭന്‍ - ഇവര്‍ ഞങ്ങളുടെയൊക്കെ വീടുകളില്‍ സര്‍വ്വസാധാരണമായുള്ളവരാണ്. പേരുകളില്‍ പുതിയവയ്ക്ക് ഹിന്ദു സ്വാധീനമുണ്ട്. അതു മനഃപൂര്‍വ്വമല്ല, ഭാവനയുമല്ല. കാടിനു വിസ്തൃതി കുറവ്. ദൈനംദിന ജീവിതത്തില്‍ ഇടപഴകേണ്ടിവരുന്നത് പരിസരപ്രദേശങ്ങളിലുള്ളവരുമായിട്ടാണ്. മുമ്പൊക്കെ പ്രബല സംസ്‌കാരം ഹിന്ദുക്കളുടേതായിരുന്നല്ലോ. പ്രബലരുടെ സംസ്‌കാരമാണ് ദുര്‍ബലരിലേക്കു വ്യാപിക്കുന്നതെന്നു തോന്നുന്നു. പേരുകളില്‍ വന്ന പരിഷ്‌കരണം കേട്ടറിഞ്ഞ പുരാണകഥളിലും അടുത്തറിയുന്ന ഹിന്ദുക്കളിലും സര്‍വ്വസാധാരണമായിട്ടുള്ളവയാണ്. പേരുകളില്‍ വന്ന മാറ്റങ്ങള്‍കൊണ്ട് ഒരു കൂട്ടരെയും തിരിച്ചറിയാന്‍ കഴിയാതായിട്ടുണ്ടല്ലോ.

പരിവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞ ഒരു കാലഘട്ടമാണ് 'കൊച്ചരേത്തി' യില്‍ അടയാളപ്പെടുത്തിയത്. മണ്ണും പരിസരവും പുതിയ രീതികള്‍ തുടങ്ങാന്‍ അനുകൂലമല്ലായിരുന്നു. മലയോരങ്ങളുടെ ഭൂമിശാസ്ത്രം പ്രത്യേകമാണല്ലോ. പദ്ധതികളുടെ ആസൂത്രകന്മാര്‍ മലയോരങ്ങളെയും അവിടത്തെ വികസനം കൊതിക്കുന്ന ജനതയേയും മറക്കുന്നു. ഇതു മനഃപൂര്‍വ്വമല്ലേ?

സഹൃദയരും സന്മനസ്സുള്ളവരും എന്റെ രചന വായിക്കുമെന്ന് ഞാനാശിച്ചു. ഇതുവരെയുണ്ടായ പ്രതികരണം മികച്ചതാണ്. തമസ്‌കരണ നിഴല്‍ പരക്കുന്നുണ്ടെങ്കിലും 'കൊച്ചരേത്തി' യുടെ മുമ്പിലുള്ള ആകാശം തെളിമയുള്ളതാണെന്നു പറയട്ടെ.

ആദിവാസിയായ ഒരെഴുത്തുകാരനെ അധികം മുന്നോട്ടുപോകാന്‍ അനുവദിക്കരുതല്ലല്ലോ. രണ്ടുകൊല്ലമായി 'കൊച്ചരേത്തി' യുടെ ഒരു കോപ്പി പോലും പ്രസാധകരുടെ പക്കലില്ല. ആറാംപതിപ്പ് തയ്യാറായി വരുന്നെന്ന് പ്രസാധകരില്‍നിന്നറിഞ്ഞു. കൊച്ചരേത്തിയുടെ ഹിന്ദി പരിഭാഷ ഡല്‍ഹിയിലെ (കേന്ദ്ര) സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചു. പേര് 'പഹാഡിന്‍'.

2. ഊരാളിക്കുടി (നോവല്‍) - എസ്.പി.സി.എസ്., കോട്ടയം

ആദിവാസികള്‍ ഉന്മൂലനം ചെയ്യപ്പെടേണ്ടവരാണ്. അവരിലൊരാള്‍പ്പോലും അവശേഷിക്കുന്നില്ലെങ്കിലും ആ പ്രദേശത്തിന്റെ വികസനവേഗം കൂട്ടണം. അതാണു പരിഷ്‌കാരം. കൊമ്പൊടിഞ്ഞി എന്ന ഊരാളിക്കുടി. ഇപ്പോള്‍ അതൊരു വികസിത ഗ്രാമമായിരിക്കുന്നു. ഇത്തരം സ്ഥലങ്ങള്‍ കേരളത്തില്‍ പലതുണ്ട്. പേരു നമുക്ക് സൗകര്യംപോലെ പറയാം.

അപരിഷ്‌കൃതരായ ഒരു കൂട്ടരെ ഇല്ലായ്മ ചെയ്തിട്ട് അവിടെ വരത്തരുടെ സംസ്‌കാരം സ്ഥാപിക്കുന്നതിന്റെ ഒരുദാഹരണം.

വായ്‌മൊഴി സംസ്‌കാരവും സാഹിത്യവുമുള്ളവരെ, ചമയങ്ങളില്ലാതെ പരിചയപ്പെടാന്‍ മനസ്സാക്ഷിയുള്ള ഒരുപാടു പേര്‍ക്കു താത്പര്യമുണ്ട്. അങ്ങനെ ചെയ്യുമ്പോള്‍ തത്പരകക്ഷികള്‍ക്ക്, കൊള്ളക്കാര്‍ക്ക് നഷ്ടങ്ങളുണ്ടാകാം. ഞാനായിട്ട് ആര്‍ക്കും ചേതമുണ്ടാകരുതെന്നാണ് എന്റെ വിചാരം. ഊരാളിജനതയെ പരിചയപ്പെടുത്തിയത്, ഇപ്പോഴൊക്കെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന അവരുടെ ജീവിതരീതിയും ആചാരമര്യാദകളും കൃഷിചെയ്തിരുന്നതെങ്ങനെയെന്നും, നിലനില്പിന് ഗോത്രജനങ്ങള്‍ നേരിടുന്ന പലതരം ഭീഷണികളില്‍ ചിലതു ചൂണ്ടിക്കാണിച്ചുകൊണ്ടുമാണ്. വായിക്കുന്നവര്‍ക്ക് ഒരു ഊരാളിക്കുടി - ഗ്രാമത്തില്‍ ചുറ്റിനടന്ന അനുഭവമുണ്ടാകും.

ദേശാഭിമാനി വാരികയാണ് ഊരാളിക്കുടി സീരിയലായി പ്രസിദ്ധീകരിച്ചത്. ജീവിതത്തിലാദ്യമായി ഒരു പത്രാധിപര്‍, നോവല്‍ വേഗമെഴുതിക്കൊടുക്കാന്‍ ആവശ്യപ്പെട്ടതാണ്. അവസാന ഭാഗവും പ്രസിദ്ധീകരിച്ചു വന്നതിനുശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ എസ്.പി.സി.എസുകാര്‍ നോവല്‍ പുസ്തകമാക്കി, 1999 സെപ്റ്റംബറില്‍. 2002-ല്‍ രണ്ടാം പതിപ്പ്. പിന്നെ റോയല്‍റ്റി തരാത്തതും പ്രസാധകരുടെ കുഴപ്പവും. 2009 ജൂലൈയില്‍ മൂന്നാം പതിപ്പ്.

3. ചെങ്ങാറും കൂട്ടാളും (നോവല്‍)

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ സീരിയലായി പ്രസിദ്ധീകരിക്കുകയും വായനക്കാര്‍ സംഗതി മറന്നുകഴിയുകയും ചെയ്തപ്പോള്‍ മാതൃഭൂമി ബുക്‌സ് തന്നെ നോവല്‍ പുസ്തകമാക്കി. 2002-ലാണിത്. റിവ്യൂ, പരസ്യം മുതലായ ദോഷങ്ങളൊന്നും 'ചെങ്ങാറും കൂട്ടാളി' നുമുണ്ടായില്ല.

ആദിവാസി മേഖലകള്‍ പലതരം അപകടങ്ങള്‍ നിറഞ്ഞതാണ്. അവിടെ വിതറുന്ന നാശങ്ങളെപ്പറ്റി, നിരപരാധികളായ മനുഷ്യവംശത്തിനുമേല്‍ നടത്തുന്ന ക്രൂരമായ അതിക്രമങ്ങള്‍. അതൊക്കെ നോക്കിക്കാണുന്നതുപോലും ആപത്തുണ്ടാക്കും. അതിനെയൊക്കെപ്പറ്റി എഴുതുന്നത് മരണവാറന്റിനുള്ള അര്‍ഹതനേടലാണ്. കുറഞ്ഞപക്ഷം അംഗഭംഗമെങ്കിലുമുണ്ടാകാം. ഐ.റ്റി.ഡി.പി ഇന്റഗ്രേറ്റഡ് ട്രൈബല്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം. ഇതാര്‍ക്കുവേണ്ടിയാണ്? കുറേ ഉദ്യോഗസ്ഥര്‍ക്കു സുഖിക്കാനും കൊള്ളയടിക്കാനും തെളിവില്ലാത്തവിധം നരഹത്യകള്‍ നടത്താനും. ഐ.റ്റി.ഡി.പി.യുടെ കീഴില്‍ പരിതാപകരവും പരിഹാസ്യവുമായ ഒരുതരം വിദ്യാഭ്യാസ പരിപാടിയുണ്ട്.

മുതുവാക്കുടികളാണ് കാര്യങ്ങളറിയാന്‍ തെരഞ്ഞെടുത്തത്. വികസനവകുപ്പുകാരും മറ്റു പരിപാടിക്കാരുമൊക്കെ ചവിട്ടിഞെരിച്ച ജീവിതങ്ങളെ അവരുടെ പരിസരങ്ങളില്‍ത്തന്നെ കണ്ടുമുട്ടി. സങ്കരവര്‍ഗ സൃഷ്ടിക്കും കൊള്ളകള്‍ക്കും വരുന്നവര്‍ക്കറിയാം, തങ്ങളുടെ വിഷവിത്തിറക്കാന്‍ നല്ല വളക്കൂറുള്ള മണ്ണ് ആദിവാസി മേഖലയാണെന്ന്.

എളുപ്പം ചെന്നെത്താന്‍ പറ്റാത്ത മലമടക്കുകളിലാണ് മുതുവാക്കുടികള്‍ പലതും. അവരെ അവിടെവരെ എത്തിച്ചതാണ്, ഭരണക്കാരും പരിഷ്‌കൃതരുംകൂടി ആട്ടിയോടിച്ചതാണ്, ഭൂമി അവരുടേതല്ലല്ലോ.

മുതുവാന്മാരുടെ ഭാഷ മലയാളമോ തമിഴോ അല്ല. രണ്ടും ചേര്‍ന്ന മിശ്രിതമാണ്. ലിപിയില്ലാത്ത തനതു ഭാഷയാണ്. അതുകൊണ്ടായിരിക്കാം, ഐ.റ്റി.ഡി.പിക്കാര്‍ അവരെ ഇംഗ്ലീഷുകാരാക്കാന്‍ തീരുമാനിച്ച് ഇംഗ്ലീഷ് മീഡിയം കിന്റര്‍ഗാര്‍ട്ടന്‍ തുടങ്ങിയത്.

മുതുവാന്റെ തനതുഭാഷ കുറച്ച്. വിവാഹം, ആരാധന, മരണാനന്തര കര്‍മ്മങ്ങള്‍, കൃഷി, ഗൃഹനിര്‍മ്മാണം... അങ്ങനെ പലതും ഈ കൃതിയിലുണ്ട്. ചെങ്ങാര്‍ മുറച്ചെറുക്കനും കൂട്ടാള്‍ മുറപ്പെണ്ണുമാണ്. ഇപ്പോള്‍ ഇതിനു വേറെയും ചില അര്‍ത്ഥങ്ങളുണ്ട്. ആരെന്ന ഭേദമില്ലാതെ, തമ്മില്‍ വിളിക്കാനും ഉപയോഗിക്കുന്നു.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ചെങ്ങാറും കൂട്ടാളും പ്രസിദ്ധീകരണം തുടങ്ങിയപ്പോള്‍ ഐ.റ്റി.ഡി.പി.യിലെ ചില മിടുക്കന്മാര്‍ കൂടിയാലോചിച്ചു. നോവലിന്റെ പ്രസിദ്ധീകരണം തടയണം. എഴുതിയ 'അവനു' രണ്ടു പൂശണം. സംഘത്തില്‍ ഒരഞ്ചാംപത്തിയുമുണ്ടായിരുന്നു. നോവലിന്റെ പ്രസിദ്ധീകരണം മുടക്കാന്‍ പ്രഗത്ഭനായ ഒരു ലോയറുടെ സഹായമാണു തേടിയത്. കിട്ടിയില്ല. പരിപാടികളെപ്പറ്റി അഞ്ചാംപത്തിതന്നെ മാതൃഭൂമിക്കെഴുതിയ കത്ത് നോവലിന്റെ ഒരദ്ധ്യായത്തോടൊപ്പം പ്രസിദ്ധപ്പെടുത്തി.

പ്രൈമറി സ്‌കൂള്‍ അദ്ധ്യാപകന് പത്തു പാസും ടി.ടി.സി.യും വേണമല്ലോ. ആദിവാസിക്കുടിയിലെ ഏകാദ്ധ്യാപകന് (വിക്രന്‍) പത്താംതരവും ഒരാദിവാസി ഭാഷാപരിജ്ഞാനവും വേണം. പിന്നൊരു സാമൂഹ്യപ്രവര്‍ത്തന പരിചയവും നല്ലതുതന്നെ. ഇവര്‍ക്ക് അദ്ധ്യാപകന്റെ പരിഗണനകളോ പരിരക്ഷകളോ ഒന്നുമില്ല. ശമ്പളമോ ലീവോ സ്ഥലംമാറ്റമോ ഒന്നുമില്ല. പോക്കറ്റുമണിയെന്നു കരുതാവുന്ന ഒരലവന്‍സ് - ആയിരം രൂപ. തൊഴില്‍ മോഹിച്ചു വരുന്നവര്‍ വഞ്ചിക്കപ്പെടുന്നു. അവര്‍ പിന്നെ വന്നുപെട്ട നിലം കുഴിക്കും. പെണ്‍ പരിപാടി. കഞ്ചാവ്. ആനക്കൊമ്പ്... അങ്ങനെ പലതും. കഷ്ടപ്പെട്ടും വഴക്കടിച്ചും ടീച്ചറായി മുതുവാക്കുടിയില്‍ വന്ന സുധ സുന്ദരിയും ധീരയുമാണ്. അവള്‍ നടന്നതു ചതിക്കുഴികള്‍ക്കു മീതെയാണ്. അവരുടെ പോരാട്ടം രണ്ടും കല്പിച്ചുള്ളതാണ്.

ഈ നോവലെഴുതിയതുകൊണ്ട് എനിക്കും ചില നേട്ടങ്ങളുണ്ടായി. കുടിയിലുള്ളവര്‍ പറഞ്ഞു: ''ശേട്ടന്‍ ഇങ്ങോട്ടു പോരണ്ട. നിന്നെ രച്ചിപ്പാന്‍ പറ്റാത്.'' മാതൃഭൂമി ബുക്‌സില്‍ 'ചെങ്ങാറും കൂട്ടാളും' കിട്ടുകയില്ല.

4. ഈ വഴിയില്‍ ആളേറെയില്ല (നോവല്‍)

എഴുത്തുകാരനെ പ്രസാധകര്‍ പറ്റിക്കുന്നതിനു തെളിവ്. ഈ നോവല്‍ ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചതാണ്. വിദ്യാഭ്യാസ യോഗ്യതയും നേടി ചെറിയൊരുദ്യോഗസ്ഥനായി നഗരത്തില്‍ വന്ന ഒരാദിവാസി യുവാവ്. പലരുമായും പരിചയപ്പെട്ടു. അവഹേളനങ്ങളോടും നിന്ദയോടും പ്രതികരിക്കേണ്ടതെങ്ങനെയെന്നും പഠിച്ചു. ടൈപ്പിസ്റ്റ് ഗായത്രിയമ്മാള്‍ വിവാഹിതയാണ്, എന്നാലും കന്യക. അവരുടെ സാഹചര്യങ്ങള്‍ പരിതാപകരമാണ്. നന്നായി ഡ്രാഫ്‌റ്റെഴുതുന്ന വാസുദേവനെന്ന എല്‍.ഡി. ക്ലാര്‍ക്കിനെ കണ്ടിരുന്നാല്‍ ഗായത്രിക്കൊരു വിഷമം. തനിക്കു ഭാഗ്യമില്ലാതെ പോയോ?

ഒരടുപ്പം തുടങ്ങേണ്ടതെങ്ങനെയെന്നൊന്നും ആരും പഠിപ്പിച്ചതല്ല. സുമുഖനായ, ചെറുപ്പക്കാരനായ വാസുദേവന്റെ മനസ്സു ശുദ്ധമായിരുന്നു. ഗായത്രി അവിടെ വീണു മുളച്ചു. അവരൊരുമിച്ച് ഒരിക്കല്‍ അവളുടെ മഠത്തില്‍ പോയി. പിന്നീട് ഒന്നിച്ച് അമ്പലത്തില്‍ പോയി. പെണ്ണും ആണും എങ്ങനെയെന്ന് അവരനുഭവിച്ചു.

പ്രേമിച്ചത് തെറ്റിപ്പിരിയാനല്ലെന്ന് അവര്‍ തീരുമാനിച്ചു. തല്ലിയോ കൊന്നോ എങ്ങനെയാണു പിരിക്കേണ്ടതെന്ന് വര്‍ണ്ണമേധാവിത്വത്തിനുമറിയില്ലായിരുന്നു. ഇഷ്ടവും പരസ്പരവിശ്വാസവുംകൊണ്ട് ഒരുമിച്ചു ജീവിക്കുമ്പോള്‍ നേരിടേണ്ട ദുരന്തങ്ങള്‍. ജാതി-മത വരമ്പുകള്‍ ഭേദിക്കുന്നവര്‍ സമൂഹത്തിലെ പൊങ്ങുതടികളാണ്, അവര്‍ സൂക്ഷിക്കണമെന്നാണ് ഗായത്രിയും വാസുദേവനും ചേര്‍ന്നനുഭവിച്ച ജീവിതം പറയുന്നത്.

ഈ നോവലിന്റെ ദുരവസ്ഥ, അതോ എഴുത്തുകാരന്റെയോ? ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചതില്‍ അക്ഷരത്തെറ്റുകള്‍ ഒരുപാടുണ്ടായിരുന്നു. അതെല്ലാം തിരുത്തി ചെറിയൊരു മാറ്റംവരുത്തിയിട്ടു മതി പുസ്തകമാക്കല്‍ എന്നു വിചാരിച്ചിരുന്നതാണ്. എന്നെ നല്ല പരിചയമുള്ള ഒരാളും മറ്റൊരാളുംകൂടി വീട്ടില്‍ വന്നു. പുസ്തക പ്രസിദ്ധീകരണവും വിപണനവും അവരുടെ പരിപാടി. എന്റെ നോവലുകള്‍ വേണം, എഴുതിത്തുടങ്ങിയതും അവര്‍ക്കു വേണം. ചന്ദ്രിക ആഴ്ചപ്പതിപ്പിലുള്ളതു വായിച്ചുനോക്കാനാണു ഞാന്‍ പറഞ്ഞത്. എന്തായാലും അവര്‍ക്കതു വേണം.

അഡ്വാന്‍സായി പണം തരാന്‍ പതിനായിരത്തിന്റെ ഒരുകെട്ട് പുറത്തെടുത്തു. അതു വാങ്ങുന്നതിനു പകരം എന്റെ ചപലബുദ്ധി തോന്നിയത് ആയിരം രൂപ ടോക്കണ്‍ അഡ്വാന്‍സ് വാങ്ങാനാണ്. നോവല്‍ തരാമെന്ന സമ്മതവും ആഴ്ചപ്പതിപ്പിന്റെ കെട്ടും അവര്‍ കൊണ്ടുപോയി. പിന്നീടു വര്‍ഷങ്ങള്‍ക്കുശേഷം, വീട്ടില്‍ വന്ന പരിചയമുള്ളയാളെ കണ്ടുമുട്ടി. അവര്‍ നേരത്തെ കമ്പനി പിരിഞ്ഞത്രേ. ഒരിക്കല്‍ എന്‍.ബി.എസിന്റെ എറണാകുളം ശാഖയില്‍ വില്പനയ്ക്കു വച്ചിരുന്ന 'ഈ വഴിയില്‍ ആളേറെയില്ല' പുസ്തകം. 98 രൂപ. ഒരെണ്ണം ഞാന്‍ വാങ്ങി. പ്രസാധകര്‍ എന്നെ ഒന്നുമറിയിച്ചില്ല. കോപ്പിറൈറ്റ് എനിക്കുതന്നെയാണ്. ആര്‍ക്കെങ്കിലും വേണോ?

5. വന്നല - നോവല്‍ ( പ്രസാധകര്‍: ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം )

പ്രകൃതിയില്‍ ജീവനോപാധികള്‍ കുറയുമ്പോഴും ദൈനംദിന ജീവിതത്തിനു ഭീഷണി നേരിടുമ്പോഴും ആ പ്രദേശം വിട്ടുപോവുക. ഗോത്രജനതയുടെ രീതിയായിരുന്നു. ഒരെഴുത്തുകാരനായിട്ടായിരുന്നു തുടക്കമെങ്കില്‍ കൊച്ചരേത്തിക്കു മുമ്പേ എഴുതേണ്ടിയിരുന്നതു 'വന്നല' യാണ്. വന്നലയുടെ അര്‍ത്ഥം പൂര്‍ണ്ണവളര്‍ച്ചയില്ലാതെപോയ നെന്മണി എന്നാണ്. മനുഷ്യകുലത്തിലും അങ്ങനെയുള്ളവരുണ്ടല്ലോ. അതിലൊരു കൂട്ടരുടെ കാര്യം. വായ്‌മൊഴികളിലും ചില പുരാണങ്ങളിലുമുള്ള മല അരയന്റെ പൂര്‍വ്വികനെയും വിശ്വാസങ്ങളെയും. ആചാരങ്ങളെയുമൊക്കെ കുറഞ്ഞ രീതിയില്‍ ഓര്‍മ്മപ്പെടുത്തിയാണെഴുതിയത്.

കൃഷിക്കും താമസത്തിനും നല്ല ഇടം നോക്കി വന്ന മലയനും കൂട്ടരും ഒരു മലഞ്ചെരുവില്‍ വേരുപിടിച്ചു വളരുന്നു. കാലം പോകവെ, ചൂഷണങ്ങള്‍ക്കു വശംവദരായി പുതിയ ലോകത്തിന്റെ മുഖത്തേക്ക് ഉള്ളിലൂറുന്ന വേദനയോടെ നോക്കിക്കൊണ്ട് അവള്‍ നില്‍ക്കുന്നു. വൃദ്ധനായ മലയന്‍.

2006 ഏപ്രിലില്‍ ഒന്നാം പതിപ്പും 2008 ജനുവരിയില്‍ രണ്ടാം പതിപ്പുമിറങ്ങി. ഇപ്പോള്‍ വില്പനയിലുണ്ടോ എന്നറിയില്ല. അറിയിക്കാറുമില്ല.

6. പെലമറുത (കഥകള്‍) - ഡി.സി. ബുക്‌സ്, കോട്ടയം

പുസ്തകത്തിന് ഇങ്ങനെയൊരു പേരിട്ടതിനാല്‍ എന്നെ വകവരുത്തുമെന്ന്, എന്റെ സുഹൃത്തിനെ വച്ച് ചിലര്‍ ഭീഷണിപ്പെടുത്തി. ഒരു കഥയുടെ പേരാണ് പെലമറുത. അന്ധവിശ്വാസം എന്നതിനപ്പുറം ഒരു ജാതിയെ ആക്ഷേപിക്കുന്നതൊന്നുമല്ല. 2006 ഒക്‌ടോബറില്‍ ഒന്നാം പതിപ്പും 2007 ഫെബ്രുവരിയില്‍ രണ്ടാം പതിപ്പുമിറങ്ങി. ഇപ്പോള്‍ ഒന്നുപോലും കിട്ടാനില്ല. പ്രസാധകരുടെ അനാസ്ഥയോ, മറ്റു ശക്തികളുടെ ഇടപെടലോ?

ഈ സമാഹാരത്തില്‍ മുപ്പതു കഥകളുണ്ട്. ആദിവാസിക്കഥകള്‍ എന്നു പറയാവുന്നവയുടെ എണ്ണം പരിമിതാണ്. ഇക്കൂട്ടത്തിലെ ഒരു കഥ 'പനങ്കുറുക്കും താളുകറിയും' ഹൈസ്‌കൂളില്‍ എട്ടാം സ്റ്റാന്‍ഡാര്‍ഡിലെ മലയാളം ടെക്സ്റ്റ് ബുക്കില്‍ ചേര്‍ത്തിട്ടുണ്ട്. പഠനവിഷയം.

എണ്‍പത്തിഅഞ്ചിലേറെ കഥകള്‍ ഞാനെഴുതി. അതില്‍ എണ്‍പത്തിയൊന്ന് എണ്ണം വിവിധ ആനുകാലികങ്ങളിലും വാര്‍ഷികപ്പതിപ്പുകള്‍, ഓണപ്പതിപ്പുകള്‍ എന്നിവയിലുമൊക്കെ പ്രസിദ്ധീകരിച്ചു. പല കഥകളും ഇംഗ്ലീഷ്, ഹിന്ദി, തമിഴ് മുതലായ ഭാഷകളിലേക്കു മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'കൊച്ചരേത്തി' പുറത്തുവന്നതോടെയാണ് പല പ്രസിദ്ധീകരണങ്ങളും എന്നോടു കഥ ചോദിക്കാന്‍ തുടങ്ങിയത്. കഥയെഴുത്തു നിര്‍ത്തിയിട്ടില്ല.

7. ആരാണു തോല്‍ക്കുന്നവര്‍ (നോവല്‍) - ഡി.സി. ബുക്‌സ്, കോട്ടയം

കലാകൗമുദി വാരിക തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചത്. മുമ്പേതന്നെ ആദിവാസി സ്വത്വമുപേക്ഷിച്ച് പ്രബല മതക്കാരായി ശക്തരായവര്‍, സമൂഹത്തിലും രാഷ്ട്രീയത്തിലും സ്വാധീനങ്ങളുറപ്പിച്ച് ആദിവാസികള്‍ക്ക് അര്‍ഹതയുള്ളതെന്തും അപഹരിക്കുന്നു. തങ്ങളാണ് യഥാര്‍ത്ഥ ആദിവാസികളെന്ന് പാര്‍ലമെന്റിനെക്കൊണ്ടും അംഗീകരിപ്പാന്‍ ശ്രമിക്കുന്നു. അധികം പേരുടെയൊന്നും പിന്തുണയില്ലാത്ത ഭരണക്കാര്‍ക്ക് ഈ ആവശ്യം സാധിച്ചുകൊടുക്കേണ്ടിവരും. നിമിഷംപ്രതി അടിതെറ്റുന്ന ആദിവാസികള്‍ക്കു നിലനില്പുണ്ടോ? അവരുടെ പ്രബലനായ ശത്രു അവന്റെ സ്വത്വം മുമ്പേയുപേക്ഷിച്ചവനാണ്. അത്തരക്കാരുടെയും പരിഷ്‌കൃതരുടെയും നീചതയോട് ഏറ്റുമുട്ടി പരിക്കുകളേല്‍ക്കുന്ന സൗരവനും പ്രസന്നയും. രാഷ്ട്രീയത്തിലേക്കു കടന്നുവരുന്ന സരോജിനിയും കൃഷ്ണനും. സ്വപ്രയത്‌നംകൊണ്ടു നന്നാവാന്‍ ശ്രമിക്കുന്നവനെ പതിയിരുന്നാക്രമിക്കുന്ന വിപ്ലവകാരികള്‍. സഹകരണത്തിലൂടെ പുതിയൊരു മുന്നേറ്റമുണ്ടാക്കാന്‍ തുനിഞ്ഞിറങ്ങുന്ന ഡോക്ടര്‍ സുജാതയും കൂട്ടരും. ഇതൊരു പ്രദേശത്തിന്റെ കഥയേക്കാള്‍ ഒരു സമൂഹത്തിന്റെ കാര്യമാകുമ്പോഴാണ് കൂടുതല്‍ പ്രസക്തമാകുന്നത്.

2007 ഡിസംബറില്‍ ഒന്നാം പതിപ്പിറങ്ങി. ഇപ്പോള്‍ ഒന്നുപോലും ഒരിടത്തും കിട്ടാനില്ല. പ്രസാധകര്‍ക്കും മൗനം. കച്ചവടം നഷ്ടമാണെന്നൊന്നും പറഞ്ഞിട്ടുമില്ല.

8. നിസ്സഹായന്റെ നിലവിളി (കഥാസമാഹാരം) - ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം

പന്ത്രണ്ടു കഥകള്‍. 'പെലമറുത' യ്ക്കു മുമ്പാണ് കൊച്ചിയിലെ ഒരു പ്രസാധകന്‍ ഇതു പുസ്തകമാക്കിയത്. ഇടപാട് ന്യായമായിരുന്നില്ല. 2008 മാര്‍ച്ചില്‍ ചിന്ത പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ചു. ഈ പുസ്തകത്തിലെ കഥകള്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് പുസ്തകമായി കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പൊതുവായി പറയേണ്ടത് :

എന്റെ രചനകള്‍ക്ക് നിരൂപണങ്ങളോ ആസ്വാദനങ്ങളോ ഒരു വരി പരസ്യമോ കിട്ടാറില്ല. ഡോക്ടറുടെ കുറിപ്പുമായി മെഡിക്കല്‍ ഷോപ്പില്‍ ചെല്ലുന്ന ഒരാള്‍ ഈ മരുന്ന് ഇവിടെയുണ്ടോ എന്നു ചോദിക്കുംപോലെ, നാരായന്റെ ഏതെങ്കിലും പുസ്തകമുണ്ടോ എന്നു ചോദിച്ചാല്‍ നോക്കട്ടെ എന്നു പറയും. വന്നയാള്‍ കാത്തുനില്‍ക്കുകയാണെങ്കില്‍ ഇഷ്ടപ്പെടാത്ത മട്ടിലൊരു നോട്ടം. ചിലപ്പോള്‍ അകത്തെവിടെയെങ്കിലും തപ്പി ഒരെണ്ണം കൊണ്ടുവരും, വേറെയില്ലെന്നു പറയും. ഈ അനുഭവം എനിക്കുതന്നെ ഉണ്ടായതാണ്. നിങ്ങളുടെ പുസ്തകം കിട്ടാനില്ലെന്നു പലരും പറയാറുണ്ട്. ഞാന്‍ നിസ്സഹായനാണ്. എന്താണൊരു പോംവഴി?

'കൊച്ചരേത്തി'യുടെ ഇംഗ്ലീഷ്, തമിഴ്, ഹിന്ദി പരിഭാഷകള്‍ പുറത്തിറങ്ങിക്കഴിഞ്ഞു. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ്സ് കൊച്ചരേത്തിയുടെ ഇംഗ്ലീഷ് പരിഭാഷ നിര്‍വഹിച്ചു.

വിലാസം :

നാരായന്‍,

49 / 690, എളമക്കര പി.ഒ.

രാജീവ് നഗര്‍, കൊച്ചി - 682 026

ഫോണ്‍ : 0484 - 2537649